
കൊച്ചി: വിവാദമായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് സംസ്ഥാന പൊലീസിനോട് നിർദേശിച്ചത്.
പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ഈ നിർണായക വിധി. ഇഡി നൽകിയ കത്തിൽ കേസെടുക്കാൻ പര്യാപ്തമായ തെളിവുകളുണ്ടായിട്ടും നടപടി വൈകുന്നതിനെ ചോദ്യം ചെയ്താണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. പ്രാഥമിക പരിശോധന പൂർത്തിയാക്കിയാണ് തെളിവുകൾ കൈമാറിയതെന്നും അതിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്നും ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, കർത്തയുടെ ഡയറിയിലെ പരാമർശങ്ങൾ മാത്രം അടിസ്ഥാനമാക്കി അഴിമതിക്കേസെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ചത്.
കോടതി ഉത്തരവോടെ സർക്കാരും സിപിഎമ്മും വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. അതേസമയം, വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. വിധിപ്രസ്താവത്തിൽ കോടതി കാര്യങ്ങൾ സമഗ്രമായി പരിശോധിക്കണമെന്നും ഷോൺ ജോർജ് പുറത്തുവിട്ട പട്ടികയിൽ ബിജെപി നേതാക്കളുടെ പേരുകൾ വരെയുണ്ടെന്നും അതെല്ലാം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.