
അബുദാബി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശപര്യടനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. വെറും മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന ഹ്രസ്വ സന്ദർശനമാണെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതാകും ഈ കൂടിക്കാഴ്ച.
യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ ഗൗരവമായി ചർച്ച ചെയ്യും. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും. 2023-24 കാലയളവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 84 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള വ്യാപാര പാതകളുടെ സുരക്ഷയും ഊർജ്ജ വിപണിയിലെ മാറ്റങ്ങളും ചർച്ചയാകും.
യുഎഇയിലുള്ള 4.7 ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളുടെ ക്ഷേമവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങൾ പ്രധാനമന്ത്രി യുഎഇ പ്രസിഡന്റുമായി സംസാരിക്കും. ഇരു നേതാക്കളും തമ്മിലുള്ള ദൃഢമായ വ്യക്തിബന്ധമാണ് ഈ ഹ്രസ്വ സന്ദർശനത്തിലൂടെ വ്യക്തമാകുന്നതെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ പറഞ്ഞു.