
ഹൈദരാബാദ്: കർണൂലിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 20 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത് ബസിൽ കടത്തിയ മൊബൈൽ ഫോണുകളെന്ന് സംശയം. ഹൈദരാബാദിലെ വ്യാപാരി ഫ്ലിപ്പ്കാർട്ടിനുവേണ്ടി അയച്ച 46 ലക്ഷം രൂപ വിലമതിക്കുന്ന 234 റിയൽമി സ്മാർട്ട് ഫോണുകൾ അടങ്ങിയ പാർസലാണ് ബസിൽ ഉണ്ടായിരുന്നത്.
തീ പടർന്നപ്പോൾ ഫോണുകളിലെ ബാറ്ററികൾ ചൂടിൽ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതായി ഫോറൻസിക് വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശവാസികളുടെ മൊഴികളിലും പൊട്ടിത്തെറികൾ കേട്ടതായി പറയുന്നുണ്ട്.ബസിലുണ്ടായ ഇന്ധനച്ചോർച്ചയാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് ആന്ധ്രാപ്രദേശ് ഫയർഫോഴ്സ് ഡയറക്ടർ ജനറലിന്റെ വിലയിരുത്തൽ.
ബസിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ ബൈക്കിൽനിന്നുള്ള പെട്രോൾ, ചൂടോ തീപ്പൊരിയോ മൂലം പൊട്ടിത്തെറിച്ചിരിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സ്മാർട്ട് ഫോണുകൾ കൂടാതെ, ബസിലെ എ.സി. ബാറ്ററിയും പൊട്ടിത്തെറിച്ചിട്ടുണ്ട്.അതേസമയം, അപകടത്തിന് കാരണമായെന്ന് കരുതുന്ന ബൈക്ക് യാത്രക്കാരനായ 22 വയസ്സുള്ള ബി. ശിവശങ്കർ അശ്രദ്ധമായി ബൈക്കോടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. ഇയാളും അപകടത്തിൽ മരണപ്പെട്ടിരുന്നു.