
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി ഇ പി ജയരാജൻ. ഇടതുപക്ഷം ഇല്ലാതാകുന്നത് ജനങ്ങൾക്ക് ആപത്താണെന്നും പരാജയത്തിന്റെ കാരണങ്ങൾ ആഴത്തിൽ അവലോകനം ചെയ്ത് ഭാവി രാഷ്ട്രീയം മെച്ചപ്പെടുത്തുമെന്നും ജയരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം കൃത്യമായി ജനങ്ങളിലെത്തിച്ച മാധ്യമപ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.
പാർട്ടിയുടെ ഉരുക്കുകോട്ടകളായ പയ്യന്നൂർ, തളിപ്പറമ്പ്, ധർമ്മടം, മട്ടന്നൂർ, തൃക്കരിപ്പൂർ, അഴീക്കോട് എന്നിവിടങ്ങളിൽ പോലും വൻതോതിൽ വോട്ട് ചോർച്ചയുണ്ടായി. പയ്യന്നൂരിലും തളിപ്പറമ്പിലും ഉയർന്നുവന്ന വിഷയങ്ങൾ ഗൗരവമേറിയതാണെന്നും ജയരാജൻ വ്യക്തമാക്കി. തെറ്റുപറ്റിയിട്ടില്ല എന്ന് പറയുന്നില്ല, ചില പിശകുകൾ പറ്റിയിട്ടുണ്ട്. വീഴ്ചകൾ തിരുത്തി പാർട്ടി സുശക്തമായി തിരിച്ചു വരും.
ജനകീയശക്തി തകർന്നു എന്ന് ആരും കരുതേണ്ടെന്നും ചോർന്നുപോയ അടിത്തറ തിരിച്ചുപിടിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ക്ഷേമ-വികസന പ്രവർത്തനങ്ങൾ കൃത്യമായി നടത്തിയിട്ടും എന്തിന്റെ പേരിലാണ് ജനവിരുദ്ധ വികാരം ഉണ്ടായതെന്ന് പരിശോധിക്കണം. മാധ്യമങ്ങൾ വലതുപക്ഷത്തിന്റെ കയ്യിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാലിന്റെ ചികിത്സയിലായതിനാലും രാത്രി യാത്രയിലുള്ള ബുദ്ധിമുട്ട് കാരണവുമാണ് പാർട്ടിയോഗത്തിൽ പങ്കെടുക്കാത്തത്.
പാർട്ടിക്കുള്ളിൽ പ്ലാക്കാർഡുകൾ ഉയർത്താനുള്ള സാഹചര്യമില്ലെന്നും ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ പാർട്ടിയോട് താല്പര്യമുള്ളവരാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരെന്ന് പാർട്ടി തീരുമാനിക്കും. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ദുഃഖത്തിന്റെ ആരംഭം ആണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.