
കേപ് വെർഡെ : പശ്ചിമ ആഫ്രിക്കൻ തീരത്ത് യാത്ര തുടരുന്ന എം വി ഹോണ്ടിയസ് എന്ന ഡച്ച് ആഡംബര കപ്പലിൽ ഹന്റാ വൈറസ് ബാധ പടരുന്നു. ഇതുവരെ മൂന്ന് യാത്രക്കാർ മരിക്കുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കപ്പലിൽ രണ്ട് ഇന്ത്യാക്കാരുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് 149 യാത്രക്കാരുമായി പുറപ്പെട്ടതാണ് കപ്പൽ.
പനിയും ശ്വാസതടസ്സവും മൂലമാണ് കപ്പലിൽ ആദ്യ മരണം സംഭവിച്ചത്. ആദ്യഘട്ടത്തിൽ ഇതൊരു സ്വാഭാവിക മരണമാണെന്ന് പറഞ്ഞ് അധികൃതർ നിസ്സാരവൽക്കരിച്ചതായി ആരോപണമുണ്ട്. മരണം റിപ്പോർട്ട് ചെയ്തിട്ടും രോഗലക്ഷണങ്ങൾ ഉള്ളവരെ ഐസൊലേറ്റ് ചെയ്യാതെ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണപോലെ തുടർന്നതാണ് വൈറസ് പടരാൻ കാരണമായതെന്ന് യാത്രക്കാർ ആരോപിച്ചു.
ഹന്റാ വൈറസ് കോവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്നതല്ലെന്നും അതിനാൽ ഒരു മഹാമാരിയായി മാറാൻ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗിയുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ ഇത് പകരുകയുള്ളൂ. എലികളുടെ വിസർജ്യം, ഉമിനീർ എന്നിവയിലൂടെയാണ് മനുഷ്യരിലേക്ക് ഈ വൈറസ് എത്തുന്നത്. ഇത് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ഗുരുതരമായി ബാധിക്കുന്നത്.
നിലവിൽ കേപ് വെർഡെ തീരത്തുള്ള കപ്പൽ കർശന നിരീക്ഷണത്തിലാണ്. മുൻപ് കപ്പലിൽ നിന്ന് വിവിധ തുറമുഖങ്ങളിൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.