Banner Ads

കളിക്കുന്നതിനിടയിൽ അബദ്ധം; ഒന്നര വയസുകാരന്റെ തല അലൂമിനിയം കലത്തിൽ കുടുങ്ങി, രക്ഷകനായി ഫയർ ഫോഴ്സ്

മലപ്പുറം : കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ അലൂമിനിയം കലത്തിനുള്ളിൽ തല കുടുങ്ങിയ ഒന്നര വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. മലപ്പുറം തൃക്കലങ്ങോടാണ് സംഭവം. വീട്ടിലിരുന്ന് കളിക്കുന്നതിനിടയിലാണ് കുട്ടി കലം തലയിലേക്ക് കമഴ്ത്തിയത്. എന്നാൽ പിന്നീട് ഇത് ഊരിയെടുക്കാൻ സാധിക്കാതെ വരികയായിരുന്നു. വീട്ടുകാർ പലവിധത്തിൽ ശ്രമിച്ചിട്ടും കലം മാറ്റാൻ കഴിയാതെ വന്നതോടെ കുട്ടി കരയാൻ തുടങ്ങി.

തുടർന്ന് വീട്ടുകാർ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തിരുവാലിയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. ഹൈഡ്രോളിക് കട്ടർ ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് കലം വളരെ പതുക്കെ മുറിച്ചു മാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്.