Banner Ads

കോടമഞ്ഞും വരയാടുകളും: മൂന്നാറിലെ രാജമല ഇരവികുളം ദേശീയോദ്യാനം സഞ്ചാരികളുടെ പറുദീസ

ഇടുക്കി: മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ഇരവികുളം ദേശിയോദ്യാനം.മഴക്കാലമെത്തിയതോടെ മൺസൂൺ ടൂറിസം ആസ്വദിക്കാൻ ഉദ്യാനത്തിലെത്തുന്ന സഞ്ചാരികളുടെ തിരക്കും വര്‍ധിച്ചിട്ടുണ്ട്. മലനിരകളെ തഴുകിയെത്തുന്ന കോടമഞ്ഞും മൂന്നാറിന്റെ പരന്നകാഴ്ച്ചകളും വരയാടിന്‍ കുഞ്ഞുങ്ങളുമൊക്കെയാണ് സഞ്ചാരികളെ ഉദ്യാനത്തിലേക്ക് ആകര്‍ഷിക്കുന്നത്.

ചന്നം പിന്നം പെയ്യുന്ന ചാറ്റല്‍മഴ. ഒരു കാറ്റില്‍ ഓടിയെത്തി അടുത്ത കാറ്റാല്‍ ദൂരേക്ക് മറയുന്ന കോടമഞ്ഞ്. പുല്‍മേടുകളില്‍ മഞ്ഞും തണുപ്പുമൊന്നും പ്രശ്നമല്ലെന്ന രീതിയില്‍ മേയുന്ന വരയാട്ടിന്‍ കൂട്ടങ്ങള്‍.ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹര കാഴ്ച്ചകളാണ് ഇരവികുളം ദേശിയോദ്യാനത്തിൽ ഉള്ളത്.കനത്ത മഴയെഅവഗണിച്ചും രാജമലയിൽ വിനോദ സഞ്ചാരികളുടെ വലിയ തിരക്ക് തുടരുകയാണ്.

വിദേശികളടക്കമുള്ള സഞ്ചാരികളാണ് കനത്ത മുടൽമഞ്ഞും തണുത്ത കാറ്റും ശക്തമായ മഴയും അവഗണിച്ച് വരയാടുകളെ കാണുന്നതിനായി രാജമലയിലെത്തുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ അറബ് നാടുകളിൽ നിന്നുള്ള സന്ദർശകരും എത്തുന്നുണ്ട്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് സന്ദർശകരിലധികവും.

കനത്ത മഴയെ തുടർന്ന് രണ്ടാഴ്ച്ച മുൻപ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ല ഭരണകൂടം നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് സന്ദർശകരുടെ വരവ് നിലച്ചിരുന്നു.എന്നാൽ നിയന്ത്രണങ്ങൾ നീ ങ്ങിയതോടെ മൺസൂൺ ടൂറിസം ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് ഇപ്പോൾ എത്തുന്നത്. കനത്ത മഴയത്തും സഞ്ചാരികൾക്ക് കാണാനായി ഒട്ടേറെ വരയാടുകളാണ് സന്ദർശക സോണിൽ ദിവസവുമെത്തുന്നത്.