വൈക്കം: കാണാതായ ഫിഷ് ഫാം ഉടമയെ വൈക്കം തലയാഴം കരിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതമെന്ന് സംശയം. വൈക്കം തോട്ടകം അട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവി പുരം ചെമ്മനത്തുകര മുല്ലക്കേരിയില്‍ വിപിന്‍ നായരെ(54)യാണ് തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായത്. ബുധനാഴ്ച വൈകീട്ട് മൂന്നിന് ഫാമിന് സമീപം കരിയാറ്റിൽ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു.
കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പോലീസ് നടപടികൾ പുരോഗമിക്കുകയാണ്. ഫാമില്‍ സിസിടിവി ഉണ്ടെങ്കിലും പ്രവര്‍ത്തനരഹിതമാണ്. താത്കാലിക ഷെഡ്ഡിനുള്ളില്‍ വിപിന്‍ കിടന്ന കിടക്ക മറിഞ്ഞ നിലയിലായിരുന്നു. ഫോണും വാഹനത്തിന്റെ താക്കോലും സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ മകളെ തിരുവനന്തപുരത്തിന് ബസ് കയറ്റിവിടാന്‍ എത്താത്തതിനെ തുടര്‍ന്നാണ് വിപിനെ കാണാതായ വിവരം വീട്ടുകാര്‍ അറിയുന്നത്.