Banner Ads

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലെന്ന് മന്ത്രി വി. ശിവൻകുട്ടി; സ്കൂൾ ശാസ്ത്രോത്സവ സമിതിയിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: കേരള സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ സംഘാടക സമിതിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയെന്ന വാർത്തയോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലെന്നും, അദ്ദേഹം ഒളിവിലാണെന്നും മന്ത്രി പറഞ്ഞു.

രാഹുലിനെ ഒഴിവാക്കാൻ താൻ നിർദ്ദേശിച്ചിട്ടില്ല. എന്നാൽ, അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ വെള്ളച്ചാട്ടം പോലെ വരികയാണ്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ആശങ്കയിലാണ്. രാഹുൽ പരിപാടിയിൽ പങ്കെടുത്താൽ അത് തെറ്റായ സന്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.

പ്രോട്ടോക്കോൾ അനുസരിച്ച് രാഹുലിന് പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുണ്ട്. പക്ഷേ, വരണോ വേണ്ടയോ എന്ന് അദ്ദേഹം സ്വയം തീരുമാനിക്കണം. പരിപാടി അലങ്കോലപ്പെടുത്താൻ അനുവദിക്കില്ല. സംഘാടക സമിതി യോഗം അലങ്കോലപ്പെടരുതെന്ന് ആഗ്രഹമുണ്ടെങ്കിൽ രാഹുൽ സ്വയം ഒരു തീരുമാനമെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോൺഗ്രസ് പ്രവർത്തകർക്ക് സമൂഹത്തിൽ മാന്യമായി ഇറങ്ങിനടക്കണമെങ്കിൽ രാഹുൽ രാജിവയ്ക്കണം. “എത്ര ആകാശത്തേക്ക് ഉയർന്നുപറന്നാലും താഴെയിറങ്ങിയേ സമ്മാനം വാങ്ങൂ എന്ന് ഇപ്പോൾ മനസ്സിലായിക്കാണും.

സരിത കുറെ പേര് പറഞ്ഞിരുന്നല്ലോ, എന്നാൽ ഒന്നുമില്ലാതെ പേര് പറയില്ലല്ലോ,” മന്ത്രി പറഞ്ഞു. എഐസിസി തീരുമാനത്തിന് യാതൊരു വിലയുമില്ലെന്നും ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും അത് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മനസ്സിലാകുമെന്നും മന്ത്രി വ്യക്തമാക്കി.