
തിരുവനന്തപുരം : മുൻമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള മിഡ്നൈറ്റ് സൺ ഗ്ലോബൽ എന്ന കമ്പനിക്ക് മിൽമ, കേരഫെഡ് ഉൽപ്പന്നങ്ങളുടെ വിദേശ കയറ്റുമതി കരാർ നൽകിയതിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.
കരാർ നൽകുന്നതിൽ മാനദണ്ഡങ്ങളും കൃത്യമായ നടപടിക്രമങ്ങളും പാലിച്ചില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. മുൻപ് മറ്റു സ്ഥാപനങ്ങൾക്ക് നൽകിയ കരാറുകളിലെ വ്യവസ്ഥകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി മിഡ്നൈറ്റ് സൺ ഗ്ലോബലിന് വലിയ ഇളവുകളും മുൻഗണനകളും നൽകുന്ന വ്യവസ്ഥകളോടെയാണ് കരാർ ഉറപ്പിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
മന്ത്രി പദവി ഉപയോഗിച്ച് ഗണേഷ് കുമാറുമായുള്ള സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ് ബിന്ദു മേനോന്റെ കമ്പനിക്ക് കരാർ ലഭിച്ചതെന്നാണ് വിജിലൻസിന് ലഭിച്ച പരാതി. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടു.