
ഡൽഹി: ഡൽഹി രോഹിണി മേഖലയിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ മരിച്ചു. ദമ്പതികളും അവരുടെ രണ്ട് വയസ്സുള്ള മകളുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 1.25-ഓടെയാണ് പ്രദേശത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്.പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കുന്നുകൂടിക്കിടന്നിരുന്ന 400 സ്ക്വയർ യാർഡ് പ്ലോട്ടിൽ നിന്നാണ് തീ പടർന്നത്.
ഇത് പെട്ടെന്ന് തന്നെ സമീപത്തെ കുടിലുകളിലേക്ക് ആളിപ്പടരുകയായിരുന്നു.വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ വഴികൾ വാഹനങ്ങൾക്ക് തടസ്സമായി. ഏറെ പരിശ്രമിച്ചാണ് സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയത്.
പോലീസ് ഉദ്യോഗസ്ഥർക്ക് പുറമെ സെൻട്രലൈസ്ഡ് ആക്സിഡന്റ് ആൻഡ് ട്രോമ സർവീസ് (CATS), വൈദ്യുതി വകുപ്പ് അധികൃതർ എന്നിവരും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.കണ്ടെടുത്ത മൃതദേഹങ്ങൾ നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.