
ഭോപ്പാൽ : കിണറ്റിലെ മലിനജലം കുടിച്ച് 150 കുടുംബങ്ങളിലെ 60 പേർക്ക് ഛർദിയും വയറിളക്കവും ബാധിച്ചു. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ രജോള ഗ്രാമത്തിലാണ് സംഭവം. രോഗബാധിതരായ കുടുംബങ്ങൾ പഞ്ചായത്തിലെ ഒരേ കിണറ്റിൽ നിന്നാണ് വെള്ളമെടുത്തിരുന്നതെന്ന് വ്യക്തമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മലിനീകരണം കണ്ടെത്തിയത്.
കിണർ പരിശോധിച്ചപ്പോൾ നാല് പ്രാവുകളെ ചത്ത നിലയിൽ കണ്ടെത്തി. തുടർന്ന് ഉടൻ തന്നെ കിണർ അടച്ചതായി ചിന്ദ്വാര സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്.ഡി.എം.) ഹേംകരൺ ധ്രുവ് അറിയിച്ചു. കിണറ്റിലെ വെള്ളം പൂർണ്ണമായും വറ്റിച്ച ശേഷമേ ഇനി ഉപയോഗിക്കാൻ അനുവദിക്കൂ. ആരുടെയും ആരോഗ്യനില ഗുരുതരമല്ല.
അടുത്ത മൂന്ന് ദിവസത്തേക്ക് പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് സജ്ജമാക്കുമെന്ന് എസ്.ഡി.എം. അറിയിച്ചു. പഞ്ചായത്ത് കിണറിൻ്റെ ശുചിത്വം ഉറപ്പാക്കാത്തതിൻ്റെ പേരിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പമ്പ് ഓപ്പറേറ്റർമാർ എന്നിവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.