
റായ്പൂർ : ഇതരജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ 17കാരിയായ ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലാണ് സംഭവം. പെൺകുട്ടിയെ തിരികെ ഗ്രാമത്തിലേക്ക് എത്തിക്കാൻ എത്തിയ നാട്ടുകൂട്ടം നേതാക്കളാണ് അതിക്രമത്തിന് പിന്നിലെന്നാണ് ആരോപണം.
പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതിനെ തുടർന്ന് നിർബന്ധിച്ച് ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ നൽകിയതായും പരാതിയിൽ പറയുന്നു. ഇതര ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായതിനെ തുടർന്ന് ഒളിച്ചോടിയ 17കാരിയെ ബന്ധുക്കളും നാട്ടുകൂട്ടം നേതാക്കളും ചേർന്ന് കണ്ടെത്തുകയായിരുന്നു.
പങ്കാളി വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറിയ പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. പ്രതികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടോടിയ പെൺകുട്ടി പങ്കാളിയെ വിവരമറിയിക്കുകയും തുടര്‍ന്ന് ഇരുവരും ചേർന്ന് പോലീസിനെ സമീപിക്കുകയുമായിരുന്നു.