Banner Ads

കുറ്റപ്പെടുത്തലല്ല, പരിഹാരമാണ് വേണ്ടത്; പാർലമെന്റ് അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷത്തിനെതിരെ കേന്ദ്രമന്ത്രി

ദില്ലി : കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിക്കുന്ന പ്രതിപക്ഷ നിലപാടിനെതിരെ പ്രതികരണവുമായി കേന്ദ്ര മന്ത്രി കിരൺ റിജിജു. പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റം എന്ന നിലപാടാണ് പ്രതിപക്ഷത്തിന്. ആർക്കും ആരെയും കുറ്റപ്പെടുത്താം. എന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

വിഷയങ്ങളിൽ പ്രതിപക്ഷത്തിന് പറയാനുള്ളത് പാർലമെന്റിലെ ചർച്ചകളിൽ ഉന്നയിക്കുകയാണ് വേണ്ടത്. നിരന്തരം സഭ തടസ്സപ്പെടുത്തുകയും അലങ്കോലമാക്കുകയും ചെയ്താൽ എങ്ങനെയാണ് ചർച്ച സാധ്യമാകുന്നതെന്നും റിജിജു ചോദിച്ചു. അതേസമയം ചോദ്യപേപ്പർ ചോർച്ച കേസിൽ ശിക്ഷാ നടപടികൾ കടുപ്പിക്കുന്ന പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

തിങ്കളാഴ്ച ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കും. ചോദ്യപേപ്പർ ചോർത്തുന്ന കുറ്റക്കാർക്ക് 10 കോടി രൂപ വരെ പിഴയും 10 വർഷം വരെ തടവിനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസിന്റെ വിചാരണ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും വ്യവസ്ഥ ചെയ്തു.