
കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. കോളേജ് കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. കോളേജിന്റെ ജനൽച്ചില്ലുകൾ തകർക്കപ്പെട്ടു.
ഇന്നലെ രാവിലെ 11.30ഓടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചുമായി കോളേജിലെത്തിയത്. എടക്കാട്, വളപട്ടണം, പിണറായി, കണ്ണൂർ, ചക്കരക്കൽ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു. മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്.
ബാരിക്കേഡുകൾ മറിച്ചിട്ട പ്രവർത്തകർ പോലീസിനെ തള്ളിമാറ്റി കോളേജ് വളപ്പിനുള്ളിലേക്ക് കടന്നു. സംസ്ഥാന പ്രസിഡന്റ് റോബർട്ട് വെള്ളാംപ്പള്ളി ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ പ്രവർത്തകർ ഒന്നടങ്കം അകത്തേക്ക് ഇരച്ചുകയറി. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് കോളേജ് കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ തകർക്കപ്പെട്ടത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. അശ്വിൻ മതുക്കോത്ത്, ജിതിൻ കൊളപ്പ, നിതിൻ കോമത്ത്, പിപി രാഹുൽ, അമൽ കുറ്റ്യാട്ടൂർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.