Banner Ads

മണ്ഡലകാലത്തിന് തുടക്കം; അയ്യപ്പനെ കാണാൻ മണിക്കൂറുകൾ കാത്ത്

പത്തനംതിട്ട : മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമായതോടെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ നട തുറന്നതിന് പിന്നാലെ തന്നെ തീർത്ഥാടക പ്രവാഹമുണ്ടായി. നട തുറന്ന് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകൾ ഭക്തരെക്കൊണ്ട് നിറഞ്ഞു. സന്നിധാനത്തും ഇന്നും (വൃശ്ചികപ്പുലരി ദിനം) നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ഭക്തർക്ക് കൺകുളിർക്കെ അയ്യപ്പനെ ദർശിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ഇന്ന് പുതിയ മേൽശാന്തിമാരാണ് ശ്രീകോവിൽ നട തുറന്ന് പൂജകൾക്ക് നേതൃത്വം നൽകിയത്. മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തേക്കുള്ള പ്രധാന കാനനപാതകൾ ഇന്ന് ഭക്തർക്കായി തുറക്കും.

എരുമേലിയില്‍ നിന്ന് അഴുത, കരിമല വഴിയുള്ള പാത, വണ്ടിപ്പെരിയാർ സത്രത്തില്‍ നിന്ന് പുല്ലുമേട് വഴിയുള്ള പാത എന്നിവയാണിത്. പുല്ലുമേട് വഴിയുള്ള തീർത്ഥാടക പ്രവേശനം രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായിരിക്കും. കാനനപാതകളിലൂടെയുള്ള തീർത്ഥാടനത്തിന് കർശനമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.