നെടുങ്കണ്ടം: മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ആര്‍.ടി.ഒ ചെക്ക് പോസ്റ്റ് തുറക്കാന്‍ പോലും മോട്ടോര്‍ വാഹന വകുപ്പ് തയാറാകുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ പ്രവർത്തിച്ചിരുന്ന താല്‍ക്കാലിക ചെക് പോസ്റ്റ് കഴിഞ്ഞവർഷം ഉണ്ടായിരുന്നില്ല.ശബരിമല മണ്ഡലകാലം ആരംഭിക്കാന്‍ അഞ്ചു ദിവസം മാത്രം ശേഷിക്കെ കേരള-തമിഴ്‌നാട് അതിര്‍ത്തി പട്ടണമായ കമ്ബംമെട്ടില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ചെക്‌പോസ്റ്റ് ആരംഭിച്ചില്ല.
ചെക് പോസ്റ്റ് ഇല്ലാതിരുന്നതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളാണ് കമ്ബംമെട്ടില്‍ കൂടി നികുതി വെട്ടിച്ച് കടന്നുപോയത്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംസ്ഥാന ഖജനാവിനുണ്ടായത്. പൊലീസ്, എക്‌സൈസ്, മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ് ചെക്‌പോസ്റ്റുകള്‍ കമ്ബംമെട്ടിലുണ്ട്. വാണിജ്യനികുതി വകുപ്പിന്‍റെ ചെക്‌പോസ്റ്റ് ജി.എസ്.ടി വന്നതോടെ നിര്‍ത്തലാക്കി.
കഴിഞ്ഞ വര്‍ഷമാണ് കമ്ബംമെട്ടില്‍ വാഹന വകുപ്പിന്‍റെ താല്‍ക്കാലിക ചെക് പോസ്റ്റ് നിര്‍ത്തിയത്.ഇതോടെ ഈ തീര്‍ഥാടന കാലത്ത് നികുതിയിനത്തില്‍ കേരളത്തിന് നഷ്ടമാവുക ലക്ഷങ്ങളാണ്. കോവിഡിന് മുമ്ബ് ശബരിമല തീര്‍ഥാടന കാലത്ത് താത്കാലിക ആര്‍.ടി.ഒ ചെക്ക്പോസ്റ്റിലൂടെ 2.8 കോടി രൂപ വരെ നികുതി പിരിച്ചെടുത്തിരുന്നു.
അതിര്‍ത്തി മേഖലയില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥിരം സാന്നിധ്യം ഇല്ലാത്തതിനാല്‍ സേഫ് സോണ്‍ പദ്ധതിയുംനടപ്പിലാകുന്നില്ല. മൂന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, മൂന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, പ്യൂണ്‍ ഉള്‍പ്പെടെ ഏഴു ജീവനക്കാരെയാണ് ഇവിടെ നിയമിച്ചിരുന്നത്