Banner Ads

തലമുറകളെ പ്രണയിപ്പിച്ച ദേവഗായിക; മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ മധുരം

തിരുവനന്തപുരം : പ്രണയവും വിരഹവും വിഷാദവുമെല്ലാം തന്റെ മധുരസ്വരം കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് പെയ്തിറക്കിയ ഗാനകോകിലം കെഎസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി തലമുറകളെ സംഗീതസാഗരത്തിൽ ആറാടിക്കുന്ന ഈ ദേവഗായികയ്ക്ക് ഇന്ന് 63 വയസ്സ് തികയുകയാണ്.

കഥാപാത്രങ്ങളുടെ ആത്മഭാവങ്ങളറിഞ്ഞ് ഗാനങ്ങളിലേക്ക് പകർന്നുനൽകുന്ന ഭാവതീവ്രമായ ആലാപനമാണ് ചിത്രയുടെ സവിശേഷത. മലയാളത്തിന്റെ വാനമ്പാടി തമിഴകത്ത് ചിന്നക്കുയിലാണ്. തെലുങ്കര്‍ക്ക് സംഗീതസരസ്വതിയും ഉത്തരേന്ത്യക്കാര്‍ക്ക് പിയ ബസന്തിയും കര്‍ണാടകത്തില്‍ കന്നഡകോകിലെയുമാണ്.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി, അസമീസ് ഉൾപ്പെടെ വിവിധ ഭാഷകളിലായി പതിനയ്യായിരത്തിലധികം ഗാനങ്ങളാണ് ചിത്രയുടെ സ്വരമാധുരിയിൽ പിറന്നത്. സംഗീതജ്ഞനായ കരമന കൃഷ്ണൻനായരുടെയും ശാന്തകുമാരിയുടെയും മകളായി ജനിച്ച ചിത്രയ്ക്ക് സംഗീതം എന്നും ജീവവായുവായിരുന്നു.

എംജി രാധാകൃഷ്ണൻ സംഗീതം പകർന്ന രജനീ പറയൂ എന്ന പാട്ടിലൂടെയാണ് ആദ്യ സോളോ ഹിറ്റ് പിറക്കുന്നത്. ആറ് ദേശീയ പുരസ്‌കാരങ്ങള്‍, പതിനാറ് സംസ്ഥാന പുരസ്‌കാരങ്ങള്‍. പത്മശ്രീയും പത്മഭൂഷണും ഉള്‍പ്പടെ ബഹുമതികള്‍ നേടി.

ജീവിതത്തിൽ നൊമ്പരങ്ങളുടെ വലിയ മുറിപ്പാടുകളുണ്ടെങ്കിലും അതിനെയെല്ലാം മായ്ക്കുന്ന മാസ്മരികമായ നറുപുഞ്ചിരിയോടെ ഇന്ത്യയുടെ സംഗീതാകാശത്ത് ചിത്ര ഇന്നും പെയ്തുകൊണ്ടിരിക്കുന്നു.