Banner Ads

കൊല്ലം മുണ്ടയ്ക്കൽ പാപനാശത്ത് തിരയിൽപ്പെട്ട്; സ്ത്രീയും പുരുഷനും മരിച്ചു

കൊല്ലം : കൊല്ലം മുണ്ടയ്ക്കൽ പാപനാശത്ത് ശക്തമായ തിരമാലയിൽപ്പെട്ട് സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ സ്വദേശി ഓമനക്കുട്ടൻ (50), പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം സൂര്യാസിൽ ആർ ലതിക (50) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം.

മുണ്ടയ്ക്കൽ പാപനാശത്തെ പുലിമുട്ടുകൾക്കിടയിലുള്ള മണൽപ്പരപ്പിൽ ഇരിക്കുമ്പോഴാണ് ഇരുവരും ശക്തമായ തിരമാലയിൽപ്പെട്ടത്. അപകടസമയത്ത് പരിസരത്ത് ആളുകളില്ലാതിരുന്നതിനാൽ അപകടവിവരം ആരുമറിഞ്ഞില്ല.

നിലവിളി കേട്ടെത്തിയ സമീപവാസികളായ യുവാക്കൾ ഇരുവരെയും കടലിൽനിന്ന് കരയ്‌ക്കെത്തിച്ച് സിപിആർ നൽകി കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്തുണ്ടായിരുന്ന ഇവരുടെ ബൈക്കിൽനിന്ന് ഓണക്കോടികളും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇത് വഴിയാണ് പൊലീസ് ഇരുവരെയും തിരിച്ചറിഞ്ഞതും ബന്ധുക്കളെ വിവരമറിയിച്ചതും. മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ച് പുലിമുട്ടുകൾക്ക് സമീപം ആളുകൾ ഇറങ്ങുന്നത് ഇത്തരം അപകടങ്ങൾ വർധിപ്പിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.