ന്യൂഡൽഹി: ജാതിസെൻസെസ് നടപ്പാക്കുന്നതിൽ സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യo ഉന്നയിച്ചു കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു.ജാതിസെൻസെസിനായി മൂന്ന് നിർദേശങ്ങളാണ് ഖാർഗെ ഈ മാസം അഞ്ചിനയച്ച കത്തിൽ മുന്നോട്ടുവെക്കുന്നത്. കത്ത് എക്‌സിലൂടെ ഖാർഗെ പങ്കുവെച്ചു.ജാതിസെൻസെസിനുള്ള ചോദ്യാവലി തയ്യാറാക്കുകയെന്നത് പ്രധാന്യമർഹിക്കുന്ന ഒന്നാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനായി തെലങ്കാന തയാറാക്കിയ മോഡലിനെ ആശ്രയിക്കാമെന്ന് അദ്ദേഹം പറയുന്നു. ജാതി സെൻസസിന്റെ ഫലങ്ങൾ എന്തുതന്നെയായാലും പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണത്തിന് ഏകപക്ഷീയമായി ഏർപ്പെടുത്തിയ 50% പരിധി ഒരു ഭരണഘടനാ ഭേദഗതിയിലൂടെ നീക്കം ചെയ്യണമെന്നും ഖാർഗെ കത്തിൽ ആവശ്യമായി ഉന്നയിച്ചു . എസ് സി. എസ്‌ടി. ഒ ബി സി വിഭാഗങ്ങൾക്ക് സ്വകാര്യസ്ഥാപനങ്ങളിൽ സംവരണം നൽകുന്ന ആർട്ടിക്കൾ 15 (5) നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു