
ബെംഗളൂരു:ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിയെയാണ് സ്വകാര്യ പേയിങ് ഗസ്റ്റ് റെസിഡൻസ് ഉടമ കോഴിക്കോട് സ്വദേശി അഷറഫ് പീഡിപ്പിച്ചത്.
ബലമായി കാറിൽ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തിൽ എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം പിജിയിൽ തിരികെയെത്തിച്ചുവെന്നാണ് പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അഷ്റഫിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് പത്ത് ദിവസം മുൻപാണ് താൻ താമസിക്കാനെത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 2) അർധരാത്രിക്ക് ശേഷം തൻ്റെ റൂമിലേക്ക് അഷ്റഫ് കയറി വന്നുവെന്നും സഹകരിച്ചാൽ ഭക്ഷണവും താമസവും സൗജന്യമായി നൽകാമെന്ന് പറഞ്ഞതായും പരാതിയിൽ ആരോപിക്കുന്നു.
നിരസിച്ചപ്പോൾ പെൺകുട്ടിയെ പ്രതി ബലമായി പിടിച്ചുവലിച്ച് കാറിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് ഓടിച്ചുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചുവെന്നുമാണ് പൊലീസിൻ്റെ എഫ്ഐആറിൽ പറയുന്നത്.തൻ്റെ ലൊക്കേഷൻ ഒരു സുഹൃത്തിന് അയക്കാൻ ശ്രമിച്ച് പരാജയപ്പെട്ടെന്നും പരാതിയിൽ പെൺകുട്ടി പറയുന്നുണ്ട്. പുലർച്ചെ 12.41 നും 2.15 നും ഇടയിലാണ് സംഭവം.