
ലോക: ചാപ്റ്റർ 1 ചന്ദ്ര ഒ.ടി.ടിയിലേക്ക്. ഇന്നലെ (ഒക്ടോബർ 13) 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് പ്രഖ്യാപനം. ഓഗസ്റ്റ് 28-ന് ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്.
വലിയ പ്രീ-റിലീസ് പബ്ലിസിറ്റി ഇല്ലാതിരുന്നിട്ടും റിലീസ് ദിനം മുതൽ മസ്റ്റ് വാച്ച് എന്ന അഭിപ്രായം നേടി ചിത്രം വൻ വിജയമായി മാറി. മലയാളത്തിലെ ആദ്യ 300 കോടി ക്ലബ്ബ് ചിത്രം എന്ന നേട്ടവും ലോക സ്വന്തമാക്കി. ചിത്രം തിയറ്ററുകളിൽ വൻ വിജയം നേടുന്നതിനിടെ ഒ.ടി.ടി. റിലീസിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണങ്ങൾ നടന്നിരുന്നു.
എന്നാൽ ചിത്രം ഉടനൊന്നും ഒ.ടി.ടിയിൽ എത്തില്ലെന്ന് നിർമ്മാതാവ് ദുൽഖർ സൽമാൻ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.റിലീസിന്റെ 50-ാം ദിനത്തിലേക്ക് അടുക്കുമ്പോഴാണ് ഇപ്പോൾ ഒ.ടി.ടി. പ്രഖ്യാപനം എത്തിയിരിക്കുന്നത്. പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. റിലീസ് തീയതി നിലവിൽ പ്രഖ്യാപിച്ചിട്ടില്ല ഉടൻ എത്തും എന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളത്.