Banner Ads

തിരുവനന്തപുരത്ത് വൻ പുകയില വേട്ട; വാടകവീട്ടിൽ നിന്ന് 1200 കിലോ നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി

തിരുവനന്തപുരം : വിൽപ്പനയ്ക്കായി വാടകവീട്ടിൽ ഒളിപ്പിച്ചിരുന്ന 1200 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ കാക്കമൂല തെറ്റിവിള സ്വദേശി ഷൈജുവിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

കല്ലിയൂർ പുന്നമൂട് സ്കൂൾ പരിസരത്ത് നിരോധിത പാൻമസാല ഉൽപ്പന്നങ്ങൾ വിൽക്കാനായി എത്തിയ ഷൈജുവിനെ എക്സൈസ് സംഘം ആദ്യം പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തെറ്റിവിളയിൽ മറ്റൊരു വീട് കൂടി വാടകയ്‌ക്കെടുത്ത് പുകയില ഉൽപ്പന്നങ്ങൾ വൻതോതിൽ സംഭരിച്ചിരുന്ന ഗോഡൗണിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

ഇവിടെ നടത്തിയ പരിശോധനയിലാണ് 1200 കിലോയോളം വരുന്ന നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. ഓപ്പറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റോബിൻ വാവാച്ചന്റെ നേതൃത്വത്തിൽ എഇഐ രമേശ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഉമാപതി, അരുൺ, സിഇഒമാരായ അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, വിനോദ് കുമാർ, അഖിൽ, ആദർശ്, ഡബ്ല്യു സി ഇ ഒ വിഷ്ണുശ്രീ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.