
കാസർകോട് : ജില്ലയിൽ ലഹരി കടത്തിനെതിരെ പരിശോധന ശക്തമാക്കി എക്സൈസ്. ഉദിനൂരിൽ നടന്ന പരിശോധനയിൽ ആറര കിലോഗ്രാം കഞ്ചാവുമായി ഉദിനൂർ കൊക്കാക്കടവ് തുരുത്തി മഠത്തിൽ വീട്ടിൽ ടിആർ മണിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രസന്നകുമാർ വി വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കാസർകോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്ത് വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ.
പെർളയിൽ നിന്ന് 162 ഗ്രാം എംഡിഎംഎയുമായി എൺമകജെ കണ്ടിഗെ സ്വദേശി അബ്ദുൾ അസീസ് പിടിയിലായി ഒരു മാസം തികയുന്നതിന് മുൻപാണ് വീണ്ടും വൻതോതിൽ കഞ്ചാവ് പിടികൂടുന്നത്. ലഹരി മാഫിയക്കെതിരെയുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.