Banner Ads

രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മഹിളാ മോർച്ച മാർച്ച്: വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ ദില്ലിയിൽ വൻ പ്രതിഷേധം.

ദില്ലി: ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മഹിളാ മോർച്ച നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. സ്ത്രീകളെ വഞ്ചിച്ച പ്രതിപക്ഷ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. രാഹുൽ ഗാന്ധിയുടെ വീടിന് സമീപം പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് പ്രതിഷേധക്കാരെ തടഞ്ഞത് നേരിയ സംഘർഷത്തിന് കാരണമായി. പ്രതിഷേധം നിയന്ത്രിക്കാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

രാഹുൽ ഗാന്ധിയും പ്രതിപക്ഷ സഖ്യവും സ്ത്രീകളുടെ അവകാശങ്ങളെ ഇല്ലാതാക്കിയെന്നും അവരെ ചതിച്ചുവെന്നുമാണ് ബിജെപിയുടെയും മഹിളാ മോർച്ചയുടെയും ആരോപണം.ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചു. ഹേമമാലിനി, രേഖ ഗുപ്ത, ബാൻസുരി സ്വരാജ് തുടങ്ങിയ പ്രമുഖ നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.

സ്ത്രീകളുടെ അവകാശങ്ങൾ തടഞ്ഞതിൽ പ്രതിഷേധിച്ച് കറുത്ത ബാഡ്ജുകളും കൊടികളുമായിട്ടാണ് വനിതാ നേതാക്കൾ എത്തിയത്.പ്രതിപക്ഷ നേതാക്കളെ ‘സ്ത്രീശക്തിയുടെ വില്ലന്മാർ’ എന്നും ‘വഞ്ചകർ’ എന്നും വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ ബിജെപി ഡൽഹി യൂണിറ്റ് പുറത്തിറക്കി. 33 ശതമാനം സംവരണം തടഞ്ഞവരോട് രാജ്യം ക്ഷമിക്കില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. സംവരണം പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷം പടക്കം പൊട്ടിച്ച് ആഘോഷിച്ചത് സ്ത്രീകളെ അപമാനിക്കലാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. കോൺഗ്രസും ഡിഎംകെയും ഉൾപ്പെടുന്ന സഖ്യം തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് ലഭിക്കേണ്ടിയിരുന്ന വലിയൊരു അവസരമാണ് തകർത്തതെന്ന് അവർ പറഞ്ഞു. രാഷ്ട്രീയ വിരോധം കാരണം വികസന സാധ്യതകൾ സ്റ്റാലിനും രാഹുലും ചേർന്ന് ഇല്ലാതാക്കുകയാണെന്നും മന്ത്രി വിമർശിച്ചു.