Banner Ads

പുനരധിവാസ വീടുകളിൽ വീണ്ടും ചോർച്ച: നിർമ്മാണത്തിലെ അപാകതയെന്ന് പരാതി; അധികൃതർക്ക് നേരെ വിരൽ ചൂണ്ടി താമസക്കാർ.

കൽപ്പറ്റ: വയനാട്: ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച് നൽകിയ വയനാട് ടൗൺഷിപ്പിലെ വീടുകളിൽ ചോർച്ചയും വിള്ളലുകളും കണ്ടെത്തുന്നത് തുടരുന്നു. ഫെയ്സ് ഒന്നിലെ 87-ാം നമ്പർ വീട്ടിലാണ് പുതുതായി ചോർച്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ, പദ്ധതിയുടെ ഭാഗമായി കൈമാറിയ 178 വീടുകളിൽ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്.ആദ്യ സോണിലെ എട്ട്, ഏഴ് നമ്പർ വീടുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വിള്ളലുകൾ കണ്ടെത്തിയത്.

ചൂരൽമല സ്വദേശിയായ നൗഫലിന്റെ വീട്ടിലെ മേൽക്കൂരയിൽ വിള്ളൽ വീണ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സമീപത്തെ വീട്ടിലും സമാനമായ പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ പ്രശ്നബാധിതമായ ഭാഗങ്ങൾ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.പരാതികൾ ഉയർന്നതിന് പിന്നാലെ ഊരാളുങ്കൽ സി.ഒ.ഒ അരുൺ ബാബുവിന്റ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.മേൽക്കൂര തുരന്ന് ‘അപ്പോക്സി ഗ്രൗട്ട്’ (Epoxy Grout) ചെയ്ത് വെള്ളമിറങ്ങുന്നത് തടയാനുള്ള നടപടികൾ ആരംഭിച്ചു.

നിശ്ചിത സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനുള്ള കടുത്ത സമ്മർദ്ദം പരിശോധനകളിൽ ചില വിട്ടുവീഴ്ചകൾക്ക് കാരണമായേക്കാമെന്നാണ് സൂചന.മാർച്ച് ഒന്നിനാണ് വീടുകൾ കൈമാറിയത്. ഒന്നര മാസം തികയുന്നതിന് മുൻപേ വീടുകൾക്ക് ബലക്ഷയം അനുഭവപ്പെടുന്നത് താമസക്കാരെ വലിയ ആശങ്കയിലാഴ്ത്തുന്നു. അറ്റകുറ്റപ്പണികൾ നടത്തി പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നത് വരെ തങ്ങളുടെ ഭീതി മാറില്ലെന്ന് എട്ടാം നമ്പർ വീടിന്റെ ഉടമ നൗഫൽ പ്രതികരിച്ചു.