Banner Ads

വീര്യം കുറഞ്ഞ മദ്യ നികുതി വിവാദം: ബകാർഡി നീക്കത്തിന് തടസമായത് ഋഷിരാജ് സിംഗിന്റെ നിലപാട്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി വിവാദത്തിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. 2017-ൽ ബകാർഡി കമ്പനി ആരംഭിച്ച നീക്കത്തിന് തടസമായത് അന്നത്തെ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗിന്റെ നിലപാടാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.വീര്യം കുറഞ്ഞ മദ്യത്തെ എതിർത്തുകൊണ്ട് ഋഷിരാജ് സിംഗ് നൽകിയ കത്ത് 2018 ഓഗസ്റ്റ് 13-ന് നികുതി സെക്രട്ടറി ആശ തോമസിന് അയച്ചതാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

സ്കൂൾ കുട്ടികൾ ശീതളപാനീയമായി പോലും ഇത് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും, ഇത് ശക്തമായ മദ്യത്തിലേക്കുള്ള വഴിയാകാമെന്നും അദ്ദേഹം കത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. വീര്യം കുറഞ്ഞതായാലും ഇത് മദ്യം തന്നെയാണെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.എന്നാൽ, എക്സൈസ് കമ്മിഷണറുടെ ഈ നിലപാടിനെതിരെ അഡീഷണൽ ചീഫ് സെക്രട്ടറി മറുപടി കത്ത് അയച്ചതായും വിവരങ്ങളുണ്ട്. വീര്യം കുറഞ്ഞ മദ്യം മദ്യാസക്തിക്ക് കാരണമാകുമെന്ന് തെളിയിക്കുന്ന തെളിവുകളില്ലെന്നായിരുന്നു അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വാദം.

2017-ൽ ബകാർഡി കമ്പനി അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണന് നൽകിയ കത്തിലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചത്. അതേസമയം, വീര്യം കുറഞ്ഞ മദ്യം വിൽപ്പനയ്ക്ക് ബെവ്‌കോ സമ്മതം അറിയിച്ചിരുന്നുവെന്നും എക്സൈസ് അനുമതി ലഭിച്ചാൽ ബകാർഡി ബ്രീസർ വിൽപ്പനയ്ക്ക് എതിർപ്പില്ലെന്ന നിലപാടാണ് ബെവ്‌കോ സ്വീകരിച്ചതെന്നും രേഖകൾ വ്യക്തമാക്കുന്നു.