Banner Ads

പ്രണയനൈരാശ്യം ആത്മഹത്യയിലേക്ക്; റമീസ് നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പോലീസ് കുറ്റപത്രം

കൊച്ചി : കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യ നിർബന്ധിത മതപരിവർത്തന ശ്രമത്തെ തുടർന്നല്ലെന്ന് പോലീസ് കുറ്റപത്രം. പ്രണയം തകർന്നതാണ് ജീവനൊടുക്കാൻ കാരണം എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ ആഴ്ച കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.

കേസിലെ പ്രതിയായ പാനായിക്കുളം സ്വദേശി റമീസ് യുവതിയെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. റമീസിനും മാതാപിതാക്കൾക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം (IPC 306) ആണ് പോലീസ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിൻ്റെ പേരിൽ റമീസിൻ്റെ സുഹൃത്ത് സഹദും കേസിൽ അറസ്റ്റിലായിരുന്നു.

കൊല്ലപ്പെട്ട പെൺകുട്ടിയും റമീസും കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ച്‌ റമീസിനൊപ്പം ജീവിക്കാനായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. എന്നാൽ റമീസ് ‘ഇടപ്പള്ളി സെക്‌സ് വർക്കേഴ്‌സ്’ എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തതും ഇടപ്പള്ളിയിൽ പോയതും പെൺകുട്ടി കണ്ടെത്തിയതോടെയാണ് അകൽച്ച തുടങ്ങിയത്.

ഈ വിവരം റമീസിൻ്റെ പിതാവിനെ അറിയിച്ചതോടെ റമീസ് വീടുവിട്ട് പോകുകയും പിന്നീട് പെൺകുട്ടിയുമായി സംസാരിക്കാതിരിക്കുകയും ചെയ്തു. മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് റമീസ് ഫോണിലൂടെ പെൺകുട്ടിയോട് പറഞ്ഞിരുന്നു. ഇതിനുശേഷം റമീസിനെ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതി പെൺകുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.