
തിരുവനന്തപുരം : വിഡി സതീശൻ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം നികുതിയിളവ് സ്വകാര്യ ബസ് മേഖലയ്ക്ക് യാതൊരു ഗുണവും ചെയ്യില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ. നികുതി കുറച്ചതുവഴി പ്രതിദിന ചെലവിൽ വെറും 106.50 രൂപ മുതൽ 142.50 രൂപ വരെയുള്ള കുറവ് മാത്രമാണ് ഉണ്ടാകുന്നത്. ഇത് നിലവിലെ പ്രതിസന്ധിക്ക് പരിഹാരമല്ല.
കെഎസ്ആർടിസിയിലെ പ്രിയദർശിനി സർവീസ് കാരണം സ്വകാര്യ ബസുകളിൽ സ്ത്രീ യാത്രക്കാർ വളരെ കുറവാണ്. പ്രതിദിനം 1000 മുതൽ 6000 രൂപയുടെ വരെ നഷ്ടമാണ് സ്വകാര്യ ബസുകൾക്കുണ്ടാകുന്നത്. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും അതിന്റെ തുക സർക്കാർ ബസ് ഉടമകൾക്ക് നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
ജൂലൈ ഒന്നിന് ശേഷം സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാകും. പലരും സർവീസുകൾ നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. നികുതി ഒഴിവാക്കിയാൽ പോലും രക്ഷപ്പെടാൻ കഴിയാത്തത്ര പ്രതിസന്ധിയിലാണ് സ്വകാര്യ ബസ് മേഖലയെന്ന് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെകെ തോമസ് പ്രതികരിച്ചു.
പ്രിയദർശിനി സർവീസ് വന്നതോടെ സ്വകാര്യ ബസുകളിലെ കളക്ഷൻ പകുതിയിലും താഴെയായി. ജൂൺ 30ഓടെ സംസ്ഥാനത്തെ ഭൂരിഭാഗം ബസുകളും കട്ടപ്പുറത്ത് കയറ്റിയിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.