Banner Ads

മദ്യവിൽപന മുടങ്ങും; നാളെ ബെവ്‌കോ ജീവനക്കാർ സമരത്തിലേക്ക്

എറണാകുളം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ അലവൻസുകൾ വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ ബെവ്‌കോ (ബെവ്‌റേജസ് കോർപ്പറേഷൻ) ഔട്ട്‌ലെറ്റുകളിൽ നാളെ (ബുധനാഴ്ച) പണിമുടക്ക്. ഐഎൻടിയുസി, എഐടിയുസി സംഘടനകളിലെ മുഴുവൻ ജീവനക്കാരുമാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

തൃപ്പൂണിത്തുറ പേട്ട വെയർഹൗസിന് മുന്നിൽ രാവിലെ 10.30 മുതൽ ധർണ നടത്തും. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെകെ. ഇബ്രാഹിംകൂട്ടി ധർണ ഉദ്ഘാടനം ചെയ്യും. സംയുക്ത സമരസമിതി ചെയർമാൻ കെ.പി. ജോഷി അറിയിച്ചതനുസരിച്ച് ജില്ലാ-സംസ്ഥാന നേതാക്കൾ പങ്കെടുക്കും. അധിക അലവൻസ് 600 രൂപയായി ഉയർത്തുക, ജീവനക്കാരെക്കൊണ്ട് കാലിക്കുപ്പികൾ തിരിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കുക,

പൊതു അവധികൾ പോലും ബാധകമാകാതെ 11 മണിക്കൂറിലധികം ജോലി ചെയ്യുന്ന ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്നത് അവസാനിപ്പിക്കുക, കെഎസ്ബിസി ലാഭവിഹിതത്തിൽ നിന്ന് ഗാലനേജ് ഫീ ഈടാക്കുന്ന രീതി നിർത്തലാക്കുക, അശാസ്ത്രീയമായ ഷിഫ്റ്റ് സമ്പ്രദായം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.