Banner Ads

ലൈഫ് പദ്ധതി ഉത്തരവ് ഞെട്ടിക്കുന്നത്; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് സാമ്പത്തികമായും രാഷ്ട്രീയമായും ഞെട്ടിക്കുന്നതാണെന്ന് മുൻ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. യുഡിഎഫ് സർക്കാർ ജനങ്ങളുടെ പോക്കറ്റടിക്കുകയാണെന്നും പദ്ധതി ഗുണഭോക്താക്കൾക്കുമേൽ വലിയ തുക അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 5 ലക്ഷത്തോളം വീടുകൾ പൂർത്തീകരിച്ച പദ്ധതിയാണിതെന്നും ബോർഡ് വെക്കുന്നതടക്കമുള്ള തീരുമാനങ്ങളിലൂടെ സഹായം വെട്ടിക്കുറച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും ബാല​ഗോപാൽ പ്രതികരിച്ചു. എല്ലായ്പോഴും കളവ് പറയാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

ഇങ്ങനെ മുഖ്യമന്ത്രി കള്ളം പറയാൻ പാടില്ല. അദ്ദേഹം മാപ്പ് പറയണം. സത്യം പറയാൻ തയ്യാറാവണമെന്നും കെ എൻ ബാല​ഗോപാൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം മാനദണ്ഡങ്ങൾ പാലിക്കാതെ വൈരാഗ്യബുദ്ധിയോടെയാണ് മുഖ്യമന്ത്രി നടപ്പിലാക്കുന്നത്.

ഇതിന് പിന്നിൽ അഴിമതി നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. സർക്കാരിനെതിരെയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യുന്ന നടപടി ജനാധിപത്യവിരുദ്ധമാണ്. ഇത്തരം വാർത്താ സെൻസറിംഗ് രാജ്യത്ത് നിലനിൽക്കുന്ന സൈബർ അടിയന്തരാവസ്ഥക്ക് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാരിന്റെ തുടർച്ചയായ തീരുമാനങ്ങൾ അരാജകത്വം സൃഷ്ടിക്കാനാണെന്നും ഈ സർക്കാരിന് വോട്ട് ചെയ്ത ജനങ്ങൾ ഇപ്പോൾ അബദ്ധം പറ്റി എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു.