
തലശ്ശേരി:ട്രാഫിക് കുരുക്കിൽ വലഞ്ഞ തലശ്ശേരി ടൗണിൽ അപ്രതീക്ഷിതമായി ഗതാഗത നിയന്ത്രണമേറ്റ് സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ന്യൂമാഹി ഇൻസ്‌പെക്ടർ ഓഫ് പോലീസ് പിഐ. ബിനുമോഹൻ.
തന്റെ ഔദ്യോഗിക അതിർത്തികൾക്കപ്പുറം പൊതുജനങ്ങൾക്ക് നേരിടേണ്ടി വന്ന ദുരിതം കണ്ടറിഞ്ഞ് അദ്ദേഹം സ്വയം മുന്നിട്ടിറങ്ങിയത് വലിയ പ്രശംസ നേടിക്കൊടുത്തിരിക്കുകയാണ്.സാധാരണയായി ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇൻസ്പെക്ടർ ബിനുമോഹന് ചുമതലയുള്ളത്.
കൂത്തുപറമ്പ് ഭാഗത്തുനിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ബിനുമോഹൻ മണിക്കൂറുകളാണ് എരഞ്ഞോളി പാലത്തിൽ നിന്നാരംഭിച്ച വാഹനക്കുരുക്കിൽ കുടുങ്ങിയത്. ഒടുവിൽ ടൗൺഹാൾ ജംഗ്ഷനിലെത്തിയപ്പോൾ വാഹനങ്ങൾ തിക്കിത്തിരക്കി.
നാലു ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ അനങ്ങാൻ പറ്റാത്തവിധം കുരുങ്ങിയതോടെയാണ് സ്റ്റേഷൻ അതിർത്തി കാര്യമാക്കാതെ ബിനുമോഹൻ ഗതാഗതം നിയന്ത്രിക്കാനിറങ്ങിയത്. ശാസിച്ചും ഉപദേശിച്ചും കൈ മെയ് മറന്ന് ഓടി നടന്ന മേലുദ്യോഗസ്ഥനെ സഹായിക്കാൻ പൊലീസ് ഡ്രൈവറും ഓടിയെത്തി.
ഏകദേശം അര മണിക്കൂറോളം ഗതാഗതം നിയന്ത്രിച്ച ഇരുവരും മഴയെത്തിയതോടെയാണ് നിർത്തിയത്. ദിവസവും വൈകീട്ട് നാലു മുതൽ മണിക്കൂറുകൾ നീളുന്ന ബ്ലോക്കാണ് തലശ്ശേരി മുതൽ എരഞ്ഞോളിപ്പാലം വരെ ഉണ്ടാവാറുള്ളത്. ടൗൺഹാൾ ജംഗ്ഷനിൽ പോലീസുകാരെ നിയോഗിച്ചാൽ ഗതാഗതക്കുരുക്കിന് ആശ്വാസമാകും.
എന്നാൽ ട്രാഫിക് പോലീസ് സ്റ്റേഷനും പോലീസുകാരുമുണ്ടായിട്ടും ഗതാഗതക്കുരുക്കുള്ളപ്പോൾ അവരെ കാണാനില്ലാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് പരാതി.