
തിരുവനന്തപുരം : വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരെ നിശ്ചയിച്ച് മുസ്ലിം ലീഗ്. ഇന്ന് ചേർന്ന ലീഗ് നേതൃയോഗത്തിലാണ് അഞ്ച് മന്ത്രിമാരുടെ പട്ടികയ്ക്ക് രൂപം നൽകിയത്. അഞ്ചാം മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം, മന്ത്രിസഭാ പദവികൾ സംബന്ധിച്ച് കോൺഗ്രസുമായി വീണ്ടും ചർച്ചകൾ നടക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം അറിയിച്ചു.
പാറക്കൽ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ എന്നിവരെയാണ് മന്ത്രിമാരായി നിർദേശിച്ചിരിക്കുന്നത്. പി കെ ബഷീറിനെ ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. കൂടാതെ വി ഇ ഗഫൂറിന് പകരം കാസർകോട് നിന്നുള്ള എ കെ എം അഷറഫിനെ അവസാന നിമിഷം പരിഗണിച്ചേക്കുമെന്ന സൂചനകളും യോഗത്തിൽ നിന്ന് പുറത്തുവരുന്നുണ്ട്.