
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം (വാട്സ്ആപ്പ് സന്ദേശം) പുറത്തുവന്നു. ബിജെപി, ആർഎസ്എസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സന്ദേശത്തിലുള്ളത്.
ബിജെപി, ആർഎസ്എസ് നേതാക്കൾ മണ്ണ് മാഫിയയുമായി ബന്ധമുള്ളവരാണെന്നും തൃക്കണ്ണാപുരത്ത് തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ഈ നേതാക്കളാണെന്നും ആനന്ദ് ആരോപിക്കുന്നു. മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്.
മണ്ണ് മാഫിയ സംഘത്തിന് അവരുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അധികാരത്തിൽ ഒരാളെ ആവശ്യമായിരുന്നുവെന്നും അതിനാലാണ് ഇത് സംഭവിച്ചതെന്നും ആനന്ദ് ആരോപിക്കുന്നു. ബിജെപി ഏരിയ പ്രസിഡന്റ് ആലപ്പുറം ഉദയകുമാർ, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസ് നഗർ കാര്യവാഹ് രാജേഷ് എന്നിവരാണ് താൻ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ കാരണമെന്നും ഇവർ മണ്ണ് മാഫിയയാണെന്നും സന്ദേശത്തിൽ പറയുന്നു.
തൃക്കണ്ണാപുരം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയാകാനുള്ള താൽപ്പര്യം ആർഎസ്എസ് ജില്ലാ കാര്യകർത്താക്കളെ നേരിട്ട് അറിയിച്ചിരുന്നു. എന്നാൽ മണ്ണ് മാഫിയ സംഘം നേതൃത്വത്തിൽ പിടിമുറുക്കിയതോടെ സാധിച്ചില്ല. ഇതിനെത്തുടർന്നാണ് തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആനന്ദ് തീരുമാനിച്ചത്.
സ്വതന്ത്ര സ്ഥാനാർത്ഥിയായതോടെ ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ മാനസിക സമ്മർദ്ദം താങ്ങാൻ കഴിഞ്ഞില്ലെന്ന് ആനന്ദ് പറയുന്നു. അടുത്ത സുഹൃത്തുക്കൾ പോലും തന്നിൽ നിന്ന് അകന്നു പോവുകയാണെന്നും അത് ചിലപ്പോൾ തന്റെ സ്വഭാവത്തിന്റെ കുഴപ്പമായിരിക്കാമെന്നും ആനന്ദ് ആത്മഹത്യാ സന്ദേശത്തിൽ പറയുന്നുണ്ട്.