Banner Ads

ഇച്ഛാശക്തിക്ക് മുന്നിൽ നിയമം വഴിമാറി; അപൂർവ രോഗം ബാധിച്ച അനീഷയ്ക്ക് പ്രത്യേക പരിഗണന നൽകി സർക്കാർ

തൃശ്ശൂർ : മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച് കസേരയിൽ ഇരിക്കാൻ പോലും പ്രയാസപ്പെടുന്ന തളിക്കുളത്തെ അനീഷ അഷ്റഫിന് പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക അനുമതി നൽകി. ഇതൊരു പ്രത്യേക കേസായാണ് പരിഗണിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പേശികൾ ക്രമേണ നശിക്കുന്ന മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച അനീഷയ്ക്ക് എട്ടാം വയസ്സിലാണ് രോഗം പിടിപെട്ടത്.

പതിനൊന്നാം വയസ്സിൽ നടക്കാൻ കഴിയാതെ വന്നതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 2023-ൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയും വീട്ടിലിരുന്ന് എഴുതാൻ സാക്ഷരതാമിഷൻ പ്രത്യേക അനുമതി നൽകുകയും അനീഷ വിജയിക്കുകയും ചെയ്തിരുന്നു. 2021-ലെ ലോക ഭിന്നശേഷി ദിനത്തിൽ സാമൂഹ്യനീതി വകുപ്പ് നടത്തിയ ഓൺലൈൻ മത്സരത്തിൽ തൃശ്ശൂർ ജില്ലയിൽ ഒന്നാം സമ്മാനം ലഭിച്ചു. 2023-ലെ മികച്ച ഭിന്നശേഷിക്കാരിയായ മാതൃകാ വ്യക്തി എന്ന വിഭാഗത്തിൽ സംസ്ഥാന ഭിന്നശേഷി അവാർഡും നേടിയിട്ടുണ്ട്.

അനീഷയുടെ അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ റിപ്പോർട്ടിന്റെയും സംസ്ഥാന ഭിന്നശേഷിക്കാർക്കായുള്ള കമ്മീഷണറുടെ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് സർക്കാർ വിശദമായി പരിശോധിച്ചത്. പരീക്ഷയുടെ രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ ഇളവ് അനുവദിച്ചത്. പരീക്ഷാർത്ഥിയുടെ വീട്ടിലെ ഒരു മുറി സ്കൂൾ പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിക്കും. ഈ മുറിയിൽ വിദ്യാർത്ഥിയും ഇൻവിജിലേറ്ററും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.