
തിരുവനന്തപുരം : ഓണവിപണിയിൽ വമ്പൻ നേട്ടവുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കിയ ഓണക്കനി, നിറപ്പൊലിമ കാർഷിക പദ്ധതികളുടെ ഭാഗമായി ഉൽപ്പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ചതിലൂടെ 10.07 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവാണ് വനിതാ കർഷകർ സ്വന്തമാക്കിയത്.
ആഗസ്റ്റ് 20 മുതൽ 25 വരെ സംസ്ഥാനത്തൊട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളിൽ നിന്നാണ് ഈ നേട്ടം. 2.85 കോടി രൂപയുടെ വിറ്റുവരവോടെ തൃശൂർ ജില്ല സംസ്ഥാനതലത്തിൽ ഒന്നാമതെത്തി.
1.62 കോടി രൂപ നേടി പാലക്കാട് ജില്ല രണ്ടാം സ്ഥാനം സ്വന്തമാക്കി. 85.50 ലക്ഷം രൂപയുടെ വിറ്റുവരവുമായി കണ്ണൂർ മൂന്നാമതെത്തി. ഓണക്കനി പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള 33000ലേറെ കർഷക സംഘങ്ങൾ ഉൽപ്പാദിപ്പിച്ച 1580.88 മെട്രിക് ടൺ നാടൻ പച്ചക്കറികളാണ് വിപണിയിലെത്തിച്ചത്. ഇതുവഴി 8.91 കോടി രൂപയുടെ വിറ്റുവരവുണ്ടായി.
5500 കർഷക സംഘങ്ങൾ ചേർന്ന് ഉൽപ്പാദിപ്പിച്ച 113.17 മെട്രിക് ടൺ പൂക്കൾ വിപണിയിലെത്തിച്ചതിലൂടെ 1.16 കോടി രൂപ നേടി. ഈ വരുമാനം വനിതാ കർഷകർക്കാണ് ലഭ്യമാകുന്നത്.
പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വിഷരഹിത നാടൻൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനും കുടുംബശ്രീയുടെ ഈ കാർഷിക മുന്നേറ്റത്തിന് സാധിച്ചു.