Banner Ads

കൊട്ടാരക്കരയിൽ കെഎസ്ആർടിസി ഡ്രൈവറുടെ ഗുണ്ടായിസം: വയോധികന് നേരെ കൈയ്യേറ്റശ്രമം; കുണ്ടറ പോലീസിൽ പരാതി

കൊല്ലം : കൊട്ടാരക്കരയിൽ കെഎസ്ആർടിസി ഡ്രൈവർ വയോധികനെ അധിക്ഷേപിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. പെരിനാട് ഇടവട്ടത്തു ചേരി സ്വദേശിയായ അപ്പുക്കുട്ടൻപിള്ളയാണ് ഡ്രൈവർക്കെതിരെ പരാതി നൽകിയത്.

വയോധികനെ ഡ്രൈവർ ചെരുപ്പൂരി അടിക്കാൻ ശ്രമിച്ചതായും അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. ബുധനാഴ്ച കൊട്ടാരക്കരയിലെ ക്ഷേത്രദർശനം കഴിഞ്ഞ് അപ്പുക്കുട്ടൻപിള്ളയും ഭാര്യ രാധമ്മയും മടങ്ങുമ്പോഴായിരുന്നു സംഭവം. മാമൂട് ജംഗ്ഷനിൽ വാഹനം നിർത്തിയപ്പോൾ രാധമ്മ ബസ്സിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കവെ ഡ്രൈവർ പെട്ടെന്ന് ബസ്സ് മുന്നോട്ട് എടുക്കുകയായിരുന്നു.

ഇതേത്തുടർന്ന് റോഡിലേക്ക് വീണ രാധമ്മയ്ക്ക് പരിക്കേറ്റു. ഡ്രൈവറുടെ അശ്രദ്ധ ചോദ്യം ചെയ്ത അപ്പുക്കുട്ടൻപിള്ളയ്ക്ക് നേരെ ഡ്രൈവർ തട്ടിക്കയറുകയും കൈയ്യേറ്റത്തിന് മുതിരുകയുമായിരുന്നു. സംഭവത്തിൽ ദമ്പതികൾ കുണ്ടറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.