Banner Ads

വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി: കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്ത കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗുരുവായൂർ – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 ‘പ്രിയദർശിനി’ ബസിലെ കണ്ടക്ടർക്കെതിരെയാണ് നടപടി.

ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ടിക്കറ്റ് നൽകാൻ കഴിയില്ലെന്ന് പറഞ്ഞ കണ്ടക്ടർ, “പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല” എന്ന് അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. മറ്റ് ചില യാത്രക്കാരോടും കണ്ടക്ടർ മോശമായി പെരുമാറിയതായി ആരോപണമുണ്ട്.

സംഭവത്തെത്തുടർന്ന് പരാതിക്കാരിയും കണ്ടക്ടറും പറവൂർ പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. പോലീസിൽ ലഭിച്ച പരാതി ശ്രദ്ധയിൽപ്പെട്ടതോടെ കെഎസ്ആർടിസി വിജിലൻസ് വിഭാഗം വിഷയത്തിൽ അന്വേഷണം നടത്തി. പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് സിഎംഡിയുടെ നിർദ്ദേശപ്രകാരമാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.