
തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു (UFBU) നാളെ മുതൽ മൂന്ന് ദിവസം രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. സമരം ഒഴിവാക്കാൻ കേന്ദ്രസർക്കാരും ബാങ്ക് മാനേജ്മെന്റുകളും തൊഴിലാളി യൂണിയനുകളുമായി നടത്തിയ അവസാനവട്ട ചർച്ചകളും പരാജയപ്പെട്ടതിനെത്തുടർന്നാണ് പ്രതിഷേധവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. തിങ്കൾ മുതൽ ബുധൻ വരെയാണ് ജീവനക്കാരുടെ പണിമുടക്ക്.
തുടർച്ചയായ ദിവസങ്ങളിൽ പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാർ നിർദേശപ്രകാരം ഇന്ന് രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇന്ന് ജോലിക്കെത്തിയ ജീവനക്കാർ കറുത്ത ബാഡ്ജും റിബണും അണിഞ്ഞാണ് ബാങ്കുകളിൽ പ്രതിഷേധിക്കുന്നത്.
ബാങ്ക് ജീവനക്കാരെയും സംഘടനകളെയും താറടിച്ചുകാണിക്കാൻ ചില മാനേജ്മെന്റുകൾ നടത്തുന്ന നീക്കങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യുഎഫ്ബിയു ആവശ്യപ്പെട്ടു. ആഴ്ചയിൽ തൊഴിൽ ദിനങ്ങൾ അഞ്ചാക്കി നിശ്ചയിക്കുക എന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ സമരരംഗത്തിറങ്ങുന്നത്.