
കൊല്ലം : ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ മിന്നൽ പരിശോധന നടത്തിയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി. മന്ത്രിയുടെ പരിശോധനയ്ക്ക് പിന്നാലെയാണ് ബസ് നിയമം തെറ്റിച്ചാണ് സർവീസ് നടത്തുന്നതെന്ന വിവരം പുറത്തുവന്നത്.
ഇന്നലെ കൊല്ലം ആയൂരിൽ വെച്ചാണ് മന്ത്രി പൊൻകുന്നം ഡിപ്പോയിലെ ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. ബസിനുള്ളിൽ പ്ലാസ്റ്റിക് കുപ്പി കിടന്നതിനെ തുടർന്നായിരുന്നു പരിശോധന. ബസിലെ മാലിന്യം നീക്കം ചെയ്യാത്തതിന് കണ്ടക്ടറെയും ഡ്രൈവറെയും മന്ത്രി ശകാരിക്കുകയും ചെയ്തിരുന്നു.
എന്നാൽ മന്ത്രിയുടെ പരിശോധനയ്ക്ക് പിന്നാലെ ബസിന്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് ഏഴിന് അവസാനിച്ചതായി കണ്ടെത്തി. മന്ത്രിയുടെ ഈ നടപടി സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രശംസയ്ക്കും വിമർശനത്തിനും ഇടയാക്കിയിരുന്നു.
മന്ത്രി പരസ്യ പ്രതികരണത്തിലേക്ക് കടന്നില്ലെങ്കിലും, കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ ഈ വിഷയത്തിൽ അതൃപ്തിയുണ്ട്. നിയമലംഘനം നടത്തിയ ബസാണ് മന്ത്രി യാത്രക്കാരെ ശകാരിക്കാൻ ഉപയോഗിച്ചതെന്ന രീതിയിലാണ് വിമർശനങ്ങൾ ഉയരുന്നത്.