Banner Ads

കോട്ടയം ഏറ്റുമാനൂർ: വീട്ടമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിൽ ആഴത്തിലുള്ള മുറിവ്

കോട്ടയം: ഏറ്റുമാനൂരിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നു. തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസ് (55) ആണ് മരിച്ചത്.വീട്ടിലെ അടുക്കളയ്ക്ക് സമീപം രക്തം വാർന്ന നിലയിലായിരുന്ന മൃതദേഹത്തിന് സമീപത്തുനിന്ന് രണ്ട് കത്തികൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു.

ഇന്ന് പുലർച്ചെ ഒരു മണിയോടെ ലീനയുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ് ലീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.ലീനയെ കൂടാതെ ഭർത്താവും രണ്ട് മക്കളും ഭർത്താവിന്റെ അച്ഛനുമുൾപ്പെടെ നാലുപേരാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്.

എന്നാൽ, മകൻ കണ്ടെത്തുന്നതുവരെ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ വിവരമറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതക സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.