ഇരിട്ടി: വൈദ്യുതിയില്ലാത്തതിനാല്‍ ബാത്ത്റൂം ഉള്‍പ്പെടെയുള്ള സൗകര്യം ഉണ്ടായിട്ടും വെള്ളവുമില്ല. മയക്കുമരുന്ന് ഉള്‍പ്പെടെ അയല്‍ സംസ്ഥാനത്തുനിന്ന് ഏറെ എത്തുന്ന കൂട്ടുപുഴ സംസ്ഥാന അതിർത്തി 24 മണിക്കൂറും പൊലീസ് കണ്ണും കാതും തുറക്കേണ്ട പ്രദേശമാണ്. കൂട്ടുപുഴ സംസ്ഥാന അതിർത്തിയില്‍ 10 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിർമിച്ച് പൊലീസിന് കൈമാറി പ്രവർത്തനം തുടങ്ങി ആറു മാസം കഴിഞ്ഞിട്ടും ഇതുവരെ വൈദ്യുതി കണക്ഷൻ കിട്ടിയില്ല.അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കേണ്ട അതിർത്തിയിലാണ് വെളിച്ചം പോലുമില്ലാത്ത അവസ്ഥ. നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷമാണ് അതിർത്തിയില്‍ ചെക്പോസ്റ്റിന് സ്ഥിരം സംവിധാനമാക്കിയത്. ഫർണിച്ചറും വൈദ്യുതിയും വെള്ളവും ഒന്നും ഒരുക്കാതെ ആഘോഷമായാണ് ഉദ്ഘാടനം നടത്തിയത്. ഒരു മാസംകൊണ്ട് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ആറു മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ഡ്യൂട്ടിക്കിടയില്‍ പ്രാഥാമികാവശ്യങ്ങള്‍ നിർവഹിക്കണമെങ്കില്‍ സമീപത്തെ ആർ.ടി ചെക്പോസ്റ്റിന്‍റെയോ എക്‌സൈസ് ചെക്പോസ്റ്റിന്‍റെയോ വാതില്‍ മുട്ടണം.