
തിരുവനന്തപുരം : കേരള സർവ്വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസിൽ വർഷങ്ങൾക്ക് ശേഷം നിർണായക നടപടിയുമായി ക്രൈംബ്രാഞ്ച്. മുൻ വി സി ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം തയ്യാറായതിനെ തുടർന്ന് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് എഡിജിപി സർക്കാരിന് കത്ത് നൽകും.
അസിസ്റ്റന്റ് നിയമന പരീക്ഷ അട്ടിമറിച്ച് സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ പ്രധാന തൊണ്ടിമുതലായ ഉത്തരക്കടലാസുകൾ നശിപ്പിച്ചിരുന്നു. മുൻ വിസി രാമചന്ദ്രൻനായർ, പ്രൊ വിസി ജയപ്രകാശ്, രജിസ്ട്രാർ കെ എ ഹാഷിം, എഎ റഷീദ്, എംപി റസ്സൽ കെഎ ആൻഡ്രു എന്നിവരാണ് പ്രതികൾ.
ഒരു സിൻഡിക്കേറ്റ് അംഗം ബി എസ് രാജീവ് മരിച്ചിരുന്നു. കേസ് മുൻ സർക്കാരിന്റെ കാലത്ത് എഴുതിത്തള്ളിയിരുന്നതാണെങ്കിലും നിലവിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള ഘട്ടത്തിലെത്തിനിൽക്കുകയാണ്.