Banner Ads

ചൂടിൽ വെന്തുരുകി കേരളം: ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയർന്നേക്കും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

അപകടകരമായ വിധത്തിൽ ചൂട് കനക്കുന്ന സാഹചര്യമുള്ളതിനാൽ പൊതുജനങ്ങൾ നിർബന്ധമായും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു. പകൽ 11 മണി മുതൽ വൈകീട്ട് 3 മണി വരെയുള്ള സമയത്ത് തുടർച്ചയായി നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിൽ പോലും പരമാവധി ശുദ്ധജലം കുടിക്കുന്നത് തുടരുക. നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ദുരന്തനിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.