
തിരുവനന്തപുരം : മഴ മാറി നിന്നതോടെ സംസ്ഥാനത്ത് ചൂട് വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ കൊല്ലം പുനലൂരിൽ സാധാരണ താപനിലയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് വർധിച്ച് 36.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഭൂരിഭാഗം നിരീക്ഷണ കേന്ദ്രങ്ങളിലും രണ്ടുമുതൽ 4.7 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്.
പൊതുജനങ്ങൾ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി. മഴ കുറയുകയും ചൂട് വർധിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വർധനവിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടർന്നേക്കും. പീക്ക് സമയത്തെ പ്രതിസന്ധി പരിഹരിക്കാൻ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കാൻ രണ്ടുതവണ ഹ്രസ്വകാല ടെൻഡർ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. കടുത്ത ചൂടിൽ ജനം വലയുമ്പോൾ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങൾ വരുന്നത് വലിയ ദുരിതമായി മാറുകയാണ്.