
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് അപകടകരമായ നിലയിലേക്ക് ഉയർന്നതോടെ അതീവ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മറ്റ് ജില്ലകളിലും അത്യുഷ്ണം തുടരുന്നതിനാൽ കർശനമായ മുൻകരുതലുകൾ പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.
വെയിലത്ത് ജോലി ചെയ്യുന്നവരുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു പുറത്തിറക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ നടത്തും. അതിഥി തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ സുരക്ഷാ നിർദ്ദേശങ്ങൾ ലഭ്യമാക്കണം. ഓൺലൈൻ ഡെലിവറി തൊഴിലാളികൾക്കായി ഭക്ഷണശാലകൾക്കും സംഭരണ കേന്ദ്രങ്ങൾക്കും സമീപം തണലുള്ള വിശ്രമകേന്ദ്രങ്ങൾ ഒരുക്കണം.
ഇവർക്ക് യൂണിഫോമിൽ ഇളവ് നൽകാൻ കമ്പനി ഉടമകൾക്ക് നിർദ്ദേശം നൽകി. ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് വിശ്രമിക്കാൻ താൽക്കാലിക തണൽ സൗകര്യങ്ങൾ ഒരുക്കണം. ഹോട്ടലുകളിൽ പാർസലിനായി കാത്തുനിൽക്കുന്ന തൊഴിലാളികൾക്ക് ഉള്ളിൽ വിശ്രമിക്കാൻ അനുമതി നൽകണം. വ്യാപാര കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും ആവശ്യത്തിന് വായുസഞ്ചാരം, കുടിവെള്ളം, ശുചിമുറി സൗകര്യങ്ങൾ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം.