Banner Ads

കേരളം ചുട്ടുപൊള്ളുന്നു; 12 ജില്ലകളിൽ തീവ്രതാപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി കടക്കും

തിരുവനന്തപുരം: കേരളത്തിൽ കടുത്ത വേനൽച്ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിൽ 12 ജില്ലകളിലാണ് ഉയർന്ന താപനില ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 24 വരെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40°C വരെ ഉയർന്നേക്കാം. കൊല്ലത്ത് താപനില 39°C വരെ ഉയരാൻ സാധ്യതയുണ്ട്.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. ചൂട് കടുക്കുമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ വൈകുന്നേരങ്ങളിലോ രാത്രിയിലോ നേരിയ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും വെയിലത്ത് ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.