Banner Ads

ഇത് വെറും വീഴ്ചയല്ല, ക്രിമിനൽ കുറ്റം; സത്‌നയിൽ കുട്ടികൾക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്

ഭോപ്പാൽ : മധ്യപ്രദേശിലെ സത്ന സർദാർ വല്ലഭായി പട്ടേൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചത് ആശുപത്രിയുടെയും ബ്ലഡ് ബാങ്കിന്റെയും ഗുരുതരമായ വീഴ്ചകൾ മൂലമാണെന്ന് അന്വേഷണ റിപ്പോർട്ട്. തലാസീമിയ ബാധിച്ച കുട്ടികൾക്ക് നൽകിയ രക്തത്തിലൂടെയാണ് രോഗബാധയുണ്ടായത്.

ബ്ലഡ് ബാങ്കിൽ സൂക്ഷിച്ചിരുന്ന കാലഹരണപ്പെട്ട രക്തം കുട്ടികൾക്ക് നൽകിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. രക്തം സ്വീകരിക്കുന്നതിന് മുമ്പ് നിർബന്ധമായും നടത്തേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ല. എച്ച്ഐവി കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനികമായ ഫോർത്ത് ജനറേഷൻ എലിസ (ELISA) അല്ലെങ്കിൽ CLIA പരിശോധനകൾക്ക് പകരം കൃത്യത കുറഞ്ഞ റാപ്പിഡ് കാർഡ് ടെസ്റ്റുകളാണ് പലപ്പോഴും നടത്തിയത്.

രക്തദാതാക്കളുടെയോ സ്വീകർത്താക്കളുടെയോ കൃത്യമായ വിലാസമോ മറ്റ് വിവരങ്ങളോ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. ഉപയോഗിച്ച ടെസ്റ്റ് കിറ്റുകളുടെ ബാച്ച് നമ്പറുകൾ പോലും രേഖകളിലില്ല. 2024 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ കുട്ടികൾക്ക് നൽകിയ 204 യൂണിറ്റ് രക്തത്തിൽ 35 എണ്ണവും കൃത്യമായ പരിശോധനകൾ നടത്താത്തവയായിരുന്നു.

സംഭവം പുറത്തുവന്നതിന് പിന്നാലെ സത്ന ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഇൻ-ചാർജ് ഡോ ദേവേന്ദ്ര പട്ടേൽ, രണ്ട് ലബോറട്ടറി ടെക്നീഷ്യൻമാർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ കർശനമായ നിയമനടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.