Banner Ads

ഓണച്ചെലവുകൾക്ക് പിന്നാലെ കേരളം 1800 കോടി രൂപ കൂടി കടമെടുക്കുന്നു

തിരുവനന്തപുരം: ഓണക്കാലത്തെ കനത്ത സാമ്പത്തിക ബാധ്യതകൾക്ക് പിന്നാലെ സംസ്ഥാന സർക്കാർ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. ബോണസ്, ഉത്സവ ബത്ത, ക്ഷേമ പെൻഷൻ മുൻകൂറായുള്ള വിതരണം, വിപണി ഇടപെടൽ എന്നിവയ്ക്കായി പതിനായിരം കോടിയോളം രൂപ ചെലവഴിച്ച സാഹചര്യത്തിലാണ് വീണ്ടും കടമെടുക്കാൻ സർക്കാർ നിർബന്ധിതരായത്. റിസർവ് ബാങ്കിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ചൊവ്വാഴ്ച കടപത്രങ്ങളുടെ ലേലം നടക്കും.ഈ മാസത്തിൽ മാത്രം കേരളം നേരത്തെ 2200 കോടി രൂപ കടമെടുത്തിരുന്നു.

കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങൾ ചേർന്ന് ആകെ 27,000 കോടി രൂപയുടെ കടപത്ര ലേലമാണ് ഇപ്പോൾ നടത്തുന്നത്.നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ നാലു മാസത്തിനുള്ളിൽ തന്നെ സംസ്ഥാനം 26,461.75 കോടി രൂപ കടമെടുത്തു കഴിഞ്ഞു. പൊതുവിപണിയിൽ നിന്നുള്ള കടമെടുപ്പ് ഉൾപ്പെടെ ഈ വർഷത്തെ ബജറ്റിൽ ലക്ഷ്യമിട്ടിട്ടുള്ള 56,413.06 കോടിയുടെ 46.91 ശതമാനമാണിത്.

ബജറ്റിൽ കണക്കാക്കിയ റവന്യൂ കമ്മിയുടെ പകുതിയോളവും ആദ്യ നാലു മാസത്തിനിടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ഓണക്കാലത്ത് വിപണി സജീവമായതോടെ ജിഎസ്ടി ഉൾപ്പെടെയുള്ള നികുതി വരുമാനത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. സാമ്പത്തിക വർഷത്തിന്റെ ആദ്യ നാലു മാസത്തിൽ 13,880.82 കോടി രൂപയാണ് സംസ്ഥാനത്തിന് ജിഎസ്ടി വരുമാനമായി ലഭിച്ചത്.