
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഓടുന്ന സ്വകാര്യ സ്ലീപ്പർ ബസിനുള്ളിൽ 16 വയസ്സുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മാസം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
ഉത്തർപ്രദേശിലെ മൈൻപുരി സ്വദേശിയായ പെൺകുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ കനത്ത മഴ കാരണം വഴിതെറ്റി ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്കിൽ എത്തുകയായിരുന്നു. യാത്ര തുടരാനായി സഹായം തേടിയ പെൺകുട്ടിയോട് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിൽ കയറാൻ പ്രതികൾ ആവശ്യപ്പെട്ടു. തുടർന്ന് ബസിനുള്ളിൽ വെച്ച് ഇരുവരും ചേർന്ന് കുട്ടിയെ ക്രൂരമായി പീഡനത്തിനിരയാക്കുകയായിരുന്നു.
പീഡനത്തിനു ശേഷം പെൺകുട്ടിയെ സംഭവസ്ഥലത്തുനിന്ന് ഏകദേശം 47 കിലോമീറ്റർ അകലെയുള്ള ഡൽഹി കാശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപം ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.തുടർന്ന് പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് കാശ്മീരി ഗേറ്റ് പോലീസ് അന്വേഷണം ഊർജിതമാക്കുകയും തിമാപൂരിൽ നിന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു. പോക്സോ (POCSO) വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.